Wednesday, May 18, 2011

ചില വിദ്യാഭ്യാസചിന്തകള്‍

ചില വിദ്യാഭ്യാസചിന്തകള്‍

ഡോ: കെ. മുരളികൃഷ്ണ 39 weeks 4 days ago
0 comments


ഒരു സമൂഹത്തിന്റെ പുരോഗതിക്ക് - യാഥാസ്ഥിതിക ശക്തികളില്‍ നിന്നുള്ള അതിന്റെ മോചനത്തിന് - യുക്തിചിന്തയിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരു യുവതലമുറ വളര്‍ന്നു വരേണ്ടത് ആവശ്യമാണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഈ ലക്ഷ്യത്തിലേയ്ക്കുള്ള മാര്‍ഗ്ഗമാണ് വിദ്യാഭ്യാസം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ ഈ ലേഖകന്‍ തന്റെ ചിന്തകള്‍ നിങ്ങളുമായി ചര്‍ച്ചചെയ്യുവാന്‍ ആഗ്രഹിക്കുന്നു.


മതം, സമുദായം, സാമൂഹികയാഥാസ്ഥിതികത്വം എന്നിവയുടെ വിലങ്ങുകളില്‍ നിന്നും മോചിതരായി ജീവിതത്തിന്റെ കടിഞ്ഞാണ്‍ സ്വയം ഏറ്റെടുത്ത് മുന്നോട്ടു പോകുവാനുള്ള ആത്മവിശ്വാസം ഓരോ പൌരനിലും ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് ഒരു രാഷ്ട്രത്തിന്റെ വിദ്യാഭ്യാസപദ്ധതിയുടെ ലക്ഷ്യമല്ലേ? നമ്മുടെ കലാലയങ്ങള്‍ എത്രത്തോളം ഇതില്‍ വിജയിക്കുന്നുണ്ട്? സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ടുവരുന്ന ഒരു യുവതലമുറയല്ലേ ഒരു രാഷ്ട്രത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്?

വ്യവസ്ഥാപിതമായ നാട്ടുനടപ്പുകളെയും വിശ്വാസസംഹിതകളെയും യുക്തിയില്‍ അധിഷ്ഠിതമായി ചോദ്യം ചെയ്യുവാനും അവനവന് ബോധ്യപ്പെട്ടവയെ മാത്രം സ്വീകരിക്കുവാനുമുള്ള സ്വാതന്ത്രബോധം കലാലയജീവിതം നമ്മളില്‍ സൃഷ്ടിക്കുന്നുണ്ടോ? വ്യത്യസ്തങ്ങളായ ആശയങ്ങളെ തുറന്ന മനസ്സോടെ അപഗ്രഥിക്കുവാനും നാം തിരസ്കരിക്കുന്നവയെതന്നെ പ്രതിപക്ഷബഹുമാനത്തോടെ നോക്കിക്കാണുവാനും, വൈരുദ്ധ്യങ്ങള്‍ക്കിടയിലും സാഹോദര്യത്തോടെ ജീവിക്കാനുമുള്ള സാമൂഹ്യബോധം ഓരോ വ്യക്തിയിലും വളര്‍ത്തേണ്ടത് കലാലയ വിദ്യാഭ്യാസമല്ലേ? ഓരോ വ്യക്തിയിലുമുള്ള കഴിവുകളെ പൂര്‍ണ്ണതയിലെത്തിക്കുകയും ആ കഴിവുകളെ സാമുഹ്യനന്‍മയ്ക്കായി വിനിയോഗിക്കുവാനുള്ള പ്രതിബദ്ധത അവനില്‍ ജനിപ്പിക്കുകയും ചെയ്യുക വിദ്യാഭ്യാസത്തിന്റെ ധര്‍മ്മമാണല്ലോ.

സാമുദായികമോ, മതപരമോ ആയ വേലിക്കെട്ടുകള്‍ക്കുളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്കുവേണ്ടി തങ്ങളുടെ സ്വന്തം താല്പര്യങ്ങള്‍ക്കതീതമായി എത്രമാത്രം പ്രവര്‍ത്തിക്കുവാന്‍ സാദ്ധ്യമാകും? പൌരബോധത്തിലും സ്വതന്ത്ര ചിന്തയിലും ഉറച്ചുനിന്ന് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുവാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ - പ്രത്യേകിച്ച് സ്കൂള്‍ തലത്തില്‍ - രാഷ്ട്രം നേരിട്ട് തന്നെ നടത്തേണ്ടവയല്ലേ? മാതൃകാപരമായ വിദ്യാഭ്യാസ-ശാസ്ത്ര പുരോഗതി നേടിയ പല രാഷ്ട്രങ്ങളും അത്തരമൊരു വിദ്യാഭ്യാസ പദ്ധതിയല്ലേ അനുവര്‍ത്തിച്ചിട്ടുള്ളത്?. പാഠപുസ്തകത്തില്‍ എന്താണ് പഠിപ്പിക്കേണ്ടത് എന്ന് നിര്‍ണ്ണയിക്കുവാനുള്ള ഗവണ്‍മെന്റിന്റെ അവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഈ ചോദ്യങ്ങള്‍ പ്രസക്തമാകുന്നു.

സങ്കുചിത താല്പര്യങ്ങളില്‍ നിന്നും വിമുക്തമായ, സ്വതന്ത്ര ചിന്തയെ വളര്‍ത്തുന്ന ഒരു കലാലയ വിദ്യാഭ്യാസ വ്യവസ്ഥയെ സൃഷ്ടിക്കുവാന്‍ ഭരണകൂടത്തിന് സാധിക്കാതെ വരുന്ന സാഹചര്യം അസ്വതന്ത്രരായ യുവതലമുറയെയും, ഫലത്തില്‍ വിഘടിതമായ സമൂഹത്തേയും സൃഷ്ടിക്കുവാന്‍ പര്യാപ്തമാണ്. ഈ വിപത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുവാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ കലാലയങ്ങള്‍ സ്ഥാപിക്കുകയും നടത്തുകയും ചെയ്ത് വിദ്യാഭ്യാസത്തിന്റെ മൌലിക ലക്ഷ്യങ്ങളെ സംരക്ഷിക്കേണ്ട ചുമതല ഏറ്റെടുക്കേണ്ട സമയമായില്ലേ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു

Daily Edit: യുദ്ധം ജനങ്ങളോട് May 15, 2011

Daily Edit: യുദ്ധം ജനങ്ങളോട്

May 15, 2011

പശ്ചിമ ബംഗാളും തമിള്‍ നാടുമുള്‍പ്പെടുന്ന നിര്‍ണായക സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് 24 മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ പെട്രോള്‍ വില രാജ്യവ്യാപകമായി വര്‍ധിപ്പിച്ചു. ലിറ്ററിന് അഞ്ചു രൂപയാണ് ഇത്തവണ കൂട്ടിയിരിക്കുന്നത്. വില കൂട്ടിയത് എണ്ണകമ്പനികളാണെങ്കിലും, മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് എണ്ണ വില നിര്‍ണയ സമ്പ്രദായത്തെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും സ്വതന്ത്രമാക്കിയ കേന്ദ്രഗവണ്മെന്റിനു തന്നെയാണ് ഇതിന്റെ ഉത്തരവാദിത്വം. മാത്രമല്ല, സര്‍ക്കാരിന്റെ അനുമതിയോടു കൂടിയാണ് കമ്പനികള്‍ വില വര്‍ധിച്ചിപ്പിച്ചിരിക്കുന്നതും. തെരഞ്ഞെടുപ്പിനു മുന്‍പേ തന്നെ വില വര്‍ധിപ്പിക്കണമെന്ന് എണ്ണ കമ്പനികള്‍ നിര്‍ബന്ധം പിടിച്ചുവെന്നും, ഫലം വരുന്നതു വരെ അവരോടു കാത്തിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ടു ചെയ്ത ജനങ്ങള്‍ക്കുള്ള സമ്മാനമാണോ, അതോ വോട്ടു ചെയ്യാത്ത ജനങ്ങളോടുള്ള പ്രതികാരമാണോ ഇപ്പോഴത്തെ വിലവര്‍ധന എന്നാണ് ‘ആം ആദ്മി’യുടെ പേരില്‍ ഊറ്റം കൊള്ളുന്ന ദേശീയ പാര്‍ടിക്കാര്‍ വിശദീകരിക്കേണ്ടത്.

രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ് ഇന്ത്യയില്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നത്. 2009 ഡിസംബറില്‍ ഭക്ഷ്യവില സൂചിക 20 ശതമാനം കടക്കുകയുണ്ടായി. അന്നു മുതല്‍, യുപിഎയുടെ സാമ്പത്തികനയ രൂപകര്‍ത്താക്കള്‍—പ്രധാനമായും പ്രധാന മന്ത്രി, ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി, പ്ലാനിംഗ് കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അലുവാലിയ—ആവര്‍ത്തിച്ചു പറയുന്ന കാര്യമാണ് സര്‍ക്കാര്‍ വിലനിയന്ത്രിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണെന്ന്. 2010-11ലെ ബജറ്റ് പ്രസംഗത്തില്‍ പൊതുവിതരണ സമ്പ്രദായത്തിലെ കുടുക്കുകള്‍ നീക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നിലപാടുകള്‍ സ്വീകരിക്കുമെന്നും അതുവഴി വിലവര്‍ധനയെ പിടിച്ചു കെട്ടുമെന്നായിരുന്നു ധനകാര്യമന്ത്രിയുടെ വീരസ്യം. (എന്നാല്‍ അതേ പ്രസംഗത്തില്‍ തന്നെയാണ് മന്ത്രി പരോക്ഷ നികുതി കൂട്ടിയതായി പ്രഖ്യാപിച്ചതെന്നത് വൈരുധ്യം!). യുപിഎയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസിലാകും വിലനിയന്ത്രിക്കുന്നതിനായി സക്രിയമായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന്. മുഖര്‍ജിയുടെ വീരസ്യം ബജറ്റ് കടലാസില്‍ തന്നെയൊതുങ്ങി. മറിച്ച്, നാണ്യപെരുപ്പം നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക് പലിശനിരക്ക് നിര്‍ബാധം വര്‍ധിപ്പിച്ചു കൊണ്ടേയിരുന്നു. ഇതിനെ, വിലക്കയറ്റത്തിനെതിരെയുള്ള യുദ്ധമാണെന്ന് വ്യാഖ്യാനിച്ച് വിപണിയില്‍ നിന്നും പൂര്‍ണമായും മാറി നിന്ന് അവശ്യ സാധനങ്ങളുടെ വില യഥേഷ്ടം കൂട്ടാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

മന്‍മോഹന്‍ സര്‍ക്കാരിന്റെ ഈ വിപണി സ്നേഹം ഏറ്റവും വ്യക്തമായി തെളിഞ്ഞ സംഭവമായിരുന്നു പെട്രോള്‍ വിലനിര്‍ണയ സമ്പ്രദായത്തെ വിപണിശക്തികള്‍ക്കെറിഞ്ഞു കൊടുക്കാനുള്ള തീരുമാനം. ഇന്ധന വിലനിര്‍ണയത്തെ കുറിച്ചു പഠിക്കാനായി പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് നിയമിച്ച കിരിത് പാരിഖ് കമ്മിറ്റി 2010 ഫെബ്രുവരി 3നാണു സര്‍ക്കാരിനു റിപോര്‍ട്ട് സമര്‍പിക്കുന്നത്. പെട്രോള്‍, ഡീസല്‍ വിലനിര്‍ണയത്തിലുള്ള സര്‍ക്കാരിന്റെ അധികാരം എത്രയും വേഗം എടുത്തുമാറ്റണമെന്നായിരുന്നു മുന്‍ ആസൂത്രണ കമ്മിഷന്‍ അംഗം കൂടിയായിരുന്ന പാരിഖിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. പാചക വാതകം, മണ്ണെണ്ണ എന്നീ ഇന്ധനങ്ങള്‍ക്ക് അത്യാവശ്യം സബ്സിഡിയൊക്കെ ആകാമെങ്കിലും ഇപ്പോഴത്തെ നില തുടരാനൊക്കില്ലെന്നും പാരിഖ് റിപോര്‍ട്ട് പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തെ സംബന്ധിച്ച് ഇന്ധനവില വളരെ സെന്‍സിറ്റിവ് ആണെന്നതു കൊണ്ട്, പ്രത്യേകിച്ചും ജനം വിലക്കയറ്റം മൂലം കഷ്ടപ്പെടുന്ന ഒരു സമയത്ത്, പാരിഖ് കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കിയാല്‍ വന്‍ദുരന്തമായിരിക്കും ഫലമെന്ന് അന്നേ പലരും മുന്നറിയിപ്പു തന്നിരുന്നതാണ്. എന്നാല്‍, ഇത്തരം മുന്നറിയിപ്പുകള്‍ക്ക് ചെവി കൊടുത്ത ചരിത്രം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനില്ല. നാലുമാസത്തിനുള്ളില്‍—ജൂണ്‍ 25, 2010—സര്‍ക്കാര്‍ പെട്രോള്‍ വിലനിര്‍ണയത്തെ സ്വതന്ത്രമാക്കി. ഡീസലിന്റെ കാര്യത്തില്‍ ഉടനെ തീരുമാനമെടുത്തിട്ടില്ലെങ്കിലും, അതിനായി ഒരു പ്രത്യേക മന്ത്രിസഭാ സമിതിയെ നിയമിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ധനവില വര്‍ധനവു കൊണ്ടു മാത്രം ജനജീവിതം എത്രത്തോളം ദുസ്സഹമായിക്കാണുമെന്നത് ഭരിക്കുന്നവരെ ബാധിക്കുന്ന വിഷയമാണോ? അതോ, എണ്ണക്കമ്പനികളുടെ ആരോഗ്യം മാത്രമാണോ സര്‍ക്കാരിനെ വേദനിപ്പിക്കുന്നത്? സ്വകാര്യ കോര്‍പറേഷനുകള്‍ക്ക് നികുതിയിനത്തില്‍ മാത്രം കോടികള്‍ നല്‍കുന്ന ഒരു സര്‍ക്കാരിന് എണ്ണ കമ്പനികള്‍ക്ക് മാത്രം സബ്സിഡി നല്‍കുന്നതില്‍ എന്താണ് ഇത്ര പ്രശ്നം? സബ്സിഡി ഓയില്‍ ബോണ്ടുകളായും, ക്യാഷ് ട്രാന്‍സ്ഫറായും കിട്ടുന്ന രാജ്യത്തെ സര്‍ക്കാര്‍-നിയന്ത്രിത എണ്ണവ്യാപാര കമ്പനികളൊന്നും—ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം—,മുഖ്യധാരാ മാധ്യമങ്ങള്‍ പ്രചരിപ്പിക്കും പോലെ, നഷ്ടത്തിലല്ല. മറിച്ച്, കോടികളാണ് ഇവര്‍ വര്‍ഷാവര്‍ഷമുണ്ടാക്കുന്ന ലാഭം. സ്വകാര്യ എണ്ണവ്യാപാര കമ്പനികളാകട്ടെ—എസ്സാര്‍ ഓയില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഷെല്‍—എണ്ണയുത്പാദനത്തിലൂടെ കോടികള്‍ കൊയ്യുന്നവരുമാണ്. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന വിലയില്‍ ഇന്ധനം ജനങ്ങള്‍ക്ക് വിറ്റതു കൊണ്ട് ഈ ഭീമന്മാര്‍ക്കൊന്നും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ഇവരുടെ ബാലന്‍സ് ഷീറ്റു തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും മന്‍മോഹന്‍ സിംഗിനെന്താണ് ഇത്ര വേദന?

Courtesy: Sunday Times

കഴിഞ്ഞ 11 മാസത്തിനുള്ളില്‍ 11 തവണയാണ് രാജ്യത്ത് പെട്രോള്‍ വില വര്‍ധിച്ചത്! 2009 മേയ് മാസത്തില്‍ രണ്ടാം യുപിഎ അധികാരത്തിലെത്തിയതിനു ശേഷം പെട്രോളിന്റെ വില 50 ശതമാനം കൂടി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം വില വര്‍ധനവ് 30 ശതമാനം (മുകളിലെ പട്ടിക കാണുക). ദുരിതങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഡീസല്‍ വിലയെ കുറിച്ചു തീരുമാനമെടുക്കാന്‍ നിയമിച്ചിരിക്കുന്ന മന്ത്രിതല സമിതി അടുത്തയാഴ്ച യോഗം ചേരുന്നുണ്ട്. ഡീസലിന് ഒരു ലിറ്ററിന് നാലു രൂപ വരെ വര്‍ധിക്കാമെന്നും, പാചകവാതകത്തിന് 25 മുതല്‍ 50 രൂപ വരെ കൂടാമെന്നും മേയ് 15ലെ ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജ് റിപോര്‍ട്ട് പറയുന്നു. അതു കൂടിയായാല്‍ ഭേഷായി.

എന്താണ് ഈ രാജ്യത്തിലെ ജനങ്ങളെ കുറിച്ച് മന്‍മോഹന്‍ സിംഗും സംഘവും കരുതുന്നത്? തെരഞ്ഞെടുപ്പു ഫലം പുറത്തായി ഇരുപത്തിനാലു മണിക്കൂര്‍ പോലും തികയുന്നതിനു മുന്‍പേ ഇത്ര വലിയ ഒരു വിലക്കയറ്റം ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കുമ്പോള്‍ ‘ഞങ്ങളാല്‍ ഭരിക്കപ്പെടേണ്ട ഒരു കൂട്ടം വിഡ്ഡികള്‍’ എന്നായിരിക്കുമോ ഭരണകൂടം ഈ രാജ്യത്തെ പാവപ്പെട്ടവരെ കുറിച്ച് ചിന്തിച്ചിരിക്കുക? അതോ, തെരഞ്ഞെടുപ്പു കാലത്തെ വികസന പ്രഘോഷണങ്ങള്‍ കേട്ട് ബൂത്തിലേക്കു മാര്‍ച്ച് ചെയ്ത് ഒരിക്കല്‍ കൂടി വോട്ടു ചെയ്ത് തങ്ങളെ ജയിപ്പിക്കേണ്ട ‘ജനാധിപത്യ’ത്തിന്റെ അടിമകളാണ് ജനമെന്നോ? അതോ ജനങ്ങളോടു നിഴല്‍യുദ്ധം നടത്തലാണ് തന്റെ ഭരണത്തിന്റെ കാതലെന്നാണോ മന്‍മോഹന്‍ പറയാതെ പറയുന്നത്? അല്ലെങ്കില്‍, എങ്ങിനെയാണ് ഈ തീരുമാനത്തെ ‘സത്യസന്ധനും മാന്യ’നുമായ പ്രധാന മന്ത്രി വിശദീകരിക്കുക? മറുപടി കേള്‍ക്കാന്‍ അതേ ജനത്തിന്റെ ഭാഗമായ ഞങ്ങള്‍ക്കും താത്പര്യമുണ്ട്.